പഠനങ്ങൾ പ്രത്യാശ നൽകുന്നതാണെങ്കിലും, ചിക്കൻഗുനിയ ചികിത്സയ്ക്കായി ഗോമൂത്രം നേരിട്ട് ഉപയോഗിക്കാൻ ഈ ഗവേഷണം ഒരിടത്തും ശുപാർശ ചെയ്യുന്നില്ല.
ഇന്ത്യയിൽ എല്ലാ വർഷവും ചിക്കൻഗുനിയ പോലുള്ള കൊതുക് ജന്യ രോഗങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇതിനൊരു ശാസ്ത്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ (Cow Urine Distillate – CUD) അടങ്ങിയിരിക്കുന്ന ചില പ്രത്യേക ബയോആക്റ്റീവ് സംയുക്തങ്ങൾക്ക് ചിക്കൻഗുനിയ വൈറസിനെതിരെ ശക്തമായ ആന്റിവൈറൽ പ്രതിരോധം തീർക്കാൻ കഴിയുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയിലെ (IIT Roorkee) ഗവേഷകർ അടുത്തിടെ കണ്ടെത്തി. പ്രശസ്ത ശാസ്ത്ര ജേണലായ ‘എസിഎസ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി’യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടി റൂർക്കിയിലെ ബയോസയൻസസ് ആൻഡ് ബയോഎഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫ. ഷൈലി തോമറിന്റെയും അവരുടെ സംഘത്തിന്റെയും നേതൃത്വത്തിൽ, രാജ്യത്തെ പ്രമുഖ ആയുർവേദ-ബയോമെഡിക്കൽ സ്ഥാപനങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്.
വൈറസിനെ തകർക്കുന്ന ഗോമൂത്രക്കൂട്ടുകൾ
ലാബോറട്ടറി പരിശോധനകളിൽ, സുരക്ഷിതമായ അളവിൽ ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിച്ചപ്പോൾ ചിക്കൻഗുനിയ വൈറസിന്റെ അളവ് 90 ശതമാനത്തിലധികം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. ഇതിലും വിസ്മയകരമായ കാര്യം, ഈ ഗോമൂത്ര ലായനിക്കൊപ്പം കരിഞ്ചീരകത്തിൽ നിന്ന് വേർതിരിച്ചെടുത്ത ‘തൈമോക്വിനോൺ’ (thymoquinone), കുരുമുളകിൽ നിന്നുള്ള ‘പൈപ്പറിൻ’ (piperine) എന്നിവ കൃത്യമായ അളവിൽ ചേർത്തപ്പോൾ വൈറസിന്റെ അളവിൽ 99.85 ശതമാനം വരെ കുറവുണ്ടായി എന്നതാണ്.
വൈറോളജി, മെറ്റബോളോമിക്സ്, മോളിക്യുലാർ ഡോക്കിംഗ്, ബയോകെമിക്കൽ വിശകലനങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ആന്റിവൈറൽ ശേഷിയുള്ള സംയുക്തങ്ങളെ ഗവേഷകർ തിരിച്ചറിഞ്ഞത്. ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ബെൻസോയിക് ആസിഡ്, ഹിപ്പുരിക് ആസിഡ്, ഒലിക്ക് ആസിഡ് എന്നിവയാണ് ഈ വൈറസ് പ്രതിരോധത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ചിക്കൻഗുനിയ വൈറസിന് ശരീരത്തിൽ പെരുകാൻ ആവശ്യമായ അവശ്യ പ്രോട്ടീനുകളെ തടസ്സപ്പെടുത്താൻ ഈ പദാർത്ഥങ്ങൾക്ക് കഴിയുമെന്ന് പഠനം തെളിയിച്ചു. ഭാവിയിൽ ചിക്കൻഗുനിയക്കെതിരെയുള്ള ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുന്നതിൽ ഇവ വലിയ പങ്കുവഹിച്ചേക്കും.
ലാബ് പരീക്ഷണങ്ങളിലെ പ്രധാന കണ്ടെത്തലുകൾ
ചിക്കൻഗുനിയ വൈറസ് ബാധിച്ച കോശങ്ങളടങ്ങിയ ലാബ് പാത്രങ്ങളിലേക്ക് ഗവേഷകർ വളരെ ചെറിയ അളവിൽ ശുദ്ധീകരിച്ച ഗോമൂത്രം ചേർത്താണ് പരീക്ഷണം നടത്തിയത്. ഇതിൽ 2% വീര്യമുള്ള ലായനി വൈറസിനെ 90 ശതമാനവും, 4% വീര്യമുള്ള ലായനി 99 ശതമാനത്തിലധികവും നശിപ്പിച്ചതായി കണ്ടെത്തി. രാസവിശകലനത്തിലൂടെ ഈ ദ്രാവകത്തിലെ തന്മാത്രകളെ വേർതിരിക്കുകയും കമ്പ്യൂട്ടർ സിമുലേഷനുകളുടെ സഹായത്തോടെ അവ വൈറസുമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്തു. ഇതിലൂടെയാണ് മൂന്ന് പ്രത്യേക സംയുക്തങ്ങൾ വൈറസ് പെരുകാൻ ഉപയോഗിക്കുന്ന പ്രധാന എൻസൈമിനെ ബ്ലോക്ക് ചെയ്യുന്നതായി കണ്ടെത്തിയത്.
advertisement
ഗോമൂത്ര ലായനിയെ കരിഞ്ചീരകത്തിലെയും കുരുമുളകിലെയും ഘടകങ്ങളുമായി സംയോജിപ്പിച്ചുള്ള പരീക്ഷണമാണ് ഏറ്റവും കൂടുതൽ വിജയം കണ്ടത്. ഈ മൂന്ന് ചേരുവകളും വെവ്വേറെ പ്രവർത്തിക്കുന്നതിനേക്കാൾ വളരെ ഫലപ്രദമായാണ് ഒരുമിച്ച് ചേർത്തപ്പോൾ പ്രവർത്തിച്ചത്. ഈ മൂന്ന് ചേരുവകളുടെയും മിശ്രിതം 99.85 ശതമാനം വൈറസുകളെയും പൂർണ്ണമായി ഇല്ലാതാക്കി.
പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും ഒന്നിക്കുമ്പോൾ
പുതിയതും വീണ്ടും പടർന്നുപിടിക്കുന്നതുമായ വൈറസ് രോഗങ്ങൾക്ക് ചെലവ് കുറഞ്ഞതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ പരിഹാരങ്ങളാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ഐഐടി റൂർക്കി ഡയറക്ടർ പ്രൊഫ. കമൽ കിഷോർ പന്ത് പറഞ്ഞു. പരമ്പരാഗത അറിവുകളെ ആധുനിക ബയോടെക്നോളജിയുമായി ബന്ധിപ്പിച്ചുകൊണ്ട് ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള ഐഐടി റൂർക്കിയുടെ പ്രതിബദ്ധതയാണ് ഈ ഗവേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുർവേദത്തിലെ ‘ഗോമൂത്ര അർക്കിൽ’ അടങ്ങിയിരിക്കുന്ന ആന്റിവൈറൽ ഘടകങ്ങളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് പ്രൊഫ. ഷൈലി തോമർ വ്യക്തമാക്കി. ഇത് ചിക്കൻഗുനിയക്കെതിരെയും ഭാവിയിൽ സമാനമായ മറ്റ് വൈറസ് ബാധകൾക്കെതിരെയും പുതിയ തലമുറ മരുന്നുകൾ വികസിപ്പിക്കുന്നതിന് ശക്തമായ അടിത്തറ നൽകുന്നു. മനുഷ്യരിൽ ഇത് മരുന്നായി ഉപയോഗിക്കുന്നതിന് മുൻപായി കൂടുതൽ പ്രീ-ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
advertisement
ചിക്കൻഗുനിയ മാറ്റാൻ നേരിട്ട് ഗോമൂത്രം കുടിക്കാമോ?
പഠനങ്ങൾ പ്രത്യാശ നൽകുന്നതാണെങ്കിലും, ചിക്കൻഗുനിയ ചികിത്സയ്ക്കായി ഗോമൂത്രം നേരിട്ട് ഉപയോഗിക്കാൻ ഈ ഗവേഷണം ഒരിടത്തും ശുപാർശ ചെയ്യുന്നില്ല. സാധാരണ വൈദ്യചികിത്സയ്ക്ക് പകരമായി ഗോമൂത്രം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്. ലബോറട്ടറിയിൽ കൃത്യമായ സാങ്കേതിക വിദ്യകളിലൂടെ വേർതിരിച്ചെടുത്ത ഘടകങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. മനുഷ്യരിൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്നും എത്ര അളവിലാണ് ഉപയോഗിക്കേണ്ടതെന്നും നിർണ്ണയിക്കാൻ ഇനിയും വിപുലമായ ക്ലിനിക്കൽ ട്രയലുകളും കൂടുതൽ അന്വേഷണങ്ങളും ആവശ്യമാണ്.





