സംവിധായകൻ എസ് എസ് രാജമൗലി തന്റെ ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രവുമായി ഉടൻ തിരിച്ചെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ ‘ബാഹുബലി: ദി ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രങ്ങളിലൊന്നിന്റെ നിർമാണ വേളയിൽ ക്യാമറയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി ഉൾപ്പെടെയുള്ള പ്രധാന അഭിനേതാക്കൾ ഇതിൽ സംസാരിക്കുന്നുണ്ട്.
ഈ ഡോക്യുമെന്ററിയിലെ ഒരു പ്രത്യേക ചർച്ചയ്ക്കിടയിലാണ് റാണ ദഗുബാട്ടി ‘ബാഹുബലി 3’ യെക്കുറിച്ച് സൂചന നൽകിയത്. ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഇത് ഞാൻ പരസ്യമായി പറയണമോ എന്ന് എനിക്കറിയില്ല, എന്നാൽ രാജമൗലിയും ശോഭു ഗാരുവും (നിർമാതാവ്) ഇവിടെയില്ലാത്തതുകൊണ്ട് എന്റെ മനസ്സിലുള്ളത് ഞാൻ പറയാം. ലോകം ഒരുപക്ഷേ ഇതിനായി ഇതുവരെ തയാറായിട്ടുണ്ടാകില്ല, എങ്കിലും ഇനിയും കൂടുതൽ ബാഹുബലി ചിത്രങ്ങൾ ഉണ്ടാകും!”. ഇത് കേട്ട് പ്രഭാസും അനുഷ്ക ഷെട്ടിയും ചിരിക്കുകയായിരുന്നു.





