ഇന്ത്യയിൽ ആപ്പിൾ മാക്ബുക്ക്, ഐപാഡ്, ഹോംപോഡ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിൽ വർധന. ഉപകരണങ്ങളിലുടനീളം വിലവർധനവ് അനിവാര്യമാകുന്ന സാഹചര്യം വരികയാണെന്നും ആ ദിവസം വിദൂരമല്ലെന്നും ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
എ.ഐ. സെർവറുകൾക്കുള്ള വ്യവസായതലത്തിലെ ഉയർന്ന ആവശ്യകത മൂലം മെമ്മറി ചിപ് ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് ആപ്പിളിന്റെ ഉൽപ്പന്നച്ചെലവുകളെയും ബാധിക്കുമെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുപെർട്ടിനോ ആസ്ഥാനമായ ആപ്പിൾ ചില ഉൽപ്പന്നങ്ങളിൽ പ്രീമിയം നിരക്ക് ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ഇതിനിടെ, മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ മോഡലുകളുടെ വില ഒരു ലക്ഷത്തിലധികം രൂപ വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ഐപാഡ്, ഐപാഡ് എയർ, ഐപാഡ് പ്രോ പതിപ്പുകളിലും സമാനമായ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.





