പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാർ നിലവിലുള്ള നിയമസഭാ സമ്മേളനത്തിൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബില്ലവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ബിജെപി നേതാക്കൾ പറയുന്നതനുസരിച്ച്, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’യിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യുസിസി നടപ്പിലാക്കുക എന്നത്. പശ്ചിമ ബംഗാളിലെ സർക്കാരിന്റെ മുൻഗണനാ നിയമനിർമാണ നടപടികളിൽ ഒന്നായിരിക്കും യുസിസി ബില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു.
അടുത്ത ആഴ്ച തന്നെ ബിൽ നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ നീക്കത്തോടെ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും എത്തും. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡാണ്. ഗുജറാത്തിലും ആസാമിലും സമാനമായ നടപടികളും ചർച്ചകളും നടക്കുന്നുണ്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ഏകീകൃത സിവിൽ കോഡ്?
മതം നോക്കാതെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ ഒരേ പൊതുനിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഒരു ഏകീകൃത നിയമസംവിധാനം നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുമെന്നും വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ മൂലമുള്ള വിവേചനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു





