വളരെ പ്രശസ്തയായ നടി എന്ന് വിളിക്കാൻ സാധിച്ചാലും ഇല്ലെങ്കിലും, സുചിത്ര കൃഷ്ണമൂർത്തി (Suchitra Krishnamoorthi) എന്ന പേര് ബോളിവുഡിന്റെ അകത്തളങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു. ആ സമയത്ത് അവരുടെ സിനിമ പോലെത്തന്നെ വിവാഹജീവിതവും വാർത്തകളിൽ നിറയുന്ന സാഹചര്യമുണ്ടായി. തെലുങ്ക് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നും മുംബൈ നഗരത്തിലേക്ക് പിറന്നുവീണ താരം, അഭിനയത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചത് മലയാളത്തിലാണ്. ജയറാം നായകനായ ‘കിലുക്കാംപെട്ടി’ എന്ന സിനിമ ഇപ്പോഴും മറക്കാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകും. ഈ ചിത്രത്തിലെ നായികയായിരുന്നു അവർ
അനു പിള്ള എന്ന കഥാപാത്രം അവതരിപ്പിച്ച നടി സുചിത്ര കൃഷ്ണമൂർത്തി മലയാളി അല്ലായിരുന്നു. അവരുടെ ആ റോളും അക്കാലത്തെ പരിഷ്കാരിയായ ഒരു യുവതിയുടേതായിരുന്നു. ചിത്രത്തിൽ ജയറാം കഥാപാത്രം നായികയെ പ്രണയിക്കാൻ, തന്റെ മുന്തിയ ജോലിയും ജീവിത ശൈലിയും മാറ്റിവച്ച്, മറ്റൊരു പേരിലും വിലാസത്തിലും അവരുടെ വീട്ടിൽ ജോലിക്കാരനായി ജയറാം ചേരുന്നതായിരുന്നു കഥാതന്തു. പക്ഷെ ജീവിതത്തിൽ അവർക്ക് പ്രണയമുണ്ടായതും, വിവാഹം ചെയ്തതും ഒക്കെ ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയങ്ങളായിരുന്നു (തുടർന്ന് വായിക്കുക)
പ്രശസ്ത ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ഭാര്യയാകുമ്പോൾ സുചിത്രയ്ക്ക് പ്രായം വെറും 22 വയസ്. നടൻ ദേവ് ആനന്ദിന്റെ അനന്തരവനായ ശേഖർ കപൂർ ആകട്ടെ, 52 വയസുകാരനും. സുചിത്രയുടെ അമ്മ സുലോചനാ കൃഷ്ണമൂർത്തിക്കും അപ്പോൾ അതേ പ്രായം. അമ്മയുടെ പ്രായമുള്ളയാളെ മകൾ വിവാഹം ചെയ്യുന്നതിൽ കുടുംബത്തിനും എതിർപ്പ്. പക്ഷേ സുചിത്രയുണ്ടോ കേൾക്കുന്നു? തന്റെ പ്രണയവുമായി അവർ മുന്നോട്ടുപോയി. പ്രായം മാത്രമല്ല, ആദ്യമായി വിവാഹം ചെയ്യുന്ന സുചിത്രയുടെ വരൻ ശേഖർ മുൻപ് ഒരു വിവാഹം ചെയ്യുകയും വിവാഹമോചിതനാവുകയും ചെയ്ത വ്യക്തി കൂടിയായിരുന്നു





