നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്തമകൾ അവന്തിക സുന്ദർ ഗോവയിൽ വിവാഹിതയായി
നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്തമകൾ അവന്തിക സുന്ദർ വിവാഹിതയായി. ഗോവയിലെ ആഡംബര റിസോർട്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ശ്രാവൺ ശ്രീനിവാസനുമായുള്ള വിവാഹം. തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രരംഗങ്ങളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യമാണ് ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. മെഗാസ്റ്റാർ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു
തൃഷ കൃഷ്ണൻ, ജാക്കി ഷ്രോഫ്, അനിൽ കപൂർ തുടങ്ങിയ താരങ്ങളും നവദമ്പതികൾക്ക് ആശംസകളറിയിച്ച് ആഘോഷങ്ങളിൽ പങ്കാളികളായി. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രത്യേകിച്ച് ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ് എന്നിവർ പരമ്പരാഗത വേഷത്തിൽ എത്തിയ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധ നേടുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. തൃഷ വന്നെങ്കിലും വിജയ് വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇദ്ദേഹം ചെന്നൈയിൽ ലഹരിക്കെതിരായ ക്യാംപെയ്ൻ മാരത്തോണിൽ പങ്കെടുക്കുകയായിരുന്നു (തുടർന്ന് വായിക്കുക)
ഖുശ്ബുവിന്റെ സിനിമാജീവിതത്തിൽ സുപ്രധാന സ്ഥാനമുള്ള ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ് എന്നിവർ വിവാഹച്ചടങ്ങിൽ സാന്നിധ്യം അറിയിച്ചത് പ്രത്യേക ശ്രദ്ധനേടി. അഭിനയരംഗത്ത് ഖുശ്ബു ഈ മൂന്ന് താരങ്ങൾക്കൊപ്പവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മകൾ അവന്തികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ ആശംസകളുമായി ഇവർ ഒന്നിച്ചെത്തിയത് വർഷങ്ങളായുള്ള സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും തെളിവായി





